'സര്‍ക്കാരിനേറ്റ കനത്ത പ്രഹരം'; പെരിയ കേസില്‍ സര്‍ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

'സര്‍ക്കാരിനേറ്റ കനത്ത പ്രഹരം'; പെരിയ കേസില്‍ സര്‍ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം(www.kasaragodtimes.com 01.12.2020): പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം തടയാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളിയ സുപ്രീംകോടതി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മുകാരായ കൊലയാളികളെ സിബിഐയില്‍ നിന്ന് രക്ഷിക്കുന്നതിന് പൊതുജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിച്ച്‌ സുപ്രീംകോടതി വരെ പോയ ഈ സര്‍ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
കൊലയാളികളെ രക്ഷിക്കുന്നതിന് ഒരു കോടിയിലേറെ രൂപയാണ് പൊതു ഖജനാവില്‍ നിന്ന് ചിലവാക്കിയത്. യൂത്ത് കോണ്‍ഗ്രസിന്‍റെ ചുറുചുറുക്കുള്ള പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത്‌ലാലിനെയും അതിക്രൂരമായാണ് സിപിഎം കൊലയാളികള്‍ വെട്ടിക്കൊന്നത്
തുടര്‍ന്ന് നടന്ന പൊലീസ് അന്വേഷണം പ്രതികളെ രക്ഷിക്കുന്ന തരത്തിലായതോടെയാണ് രണ്ട് ചെറുപ്പക്കാരുടെയും കുടുംബാംഗങ്ങള്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് കോടതിയിലെത്തിയത്.
സിബിഐ ഈ കേസ് അന്വേഷിച്ചാല്‍ കൊലയാളികള്‍ക്കൊപ്പം ഈ അരും കൊലപാതകത്തിന്‍റെ ആസൂത്രകരായ നേതാക്കളും കുടുങ്ങുമെന്ന ഭയമാണ് പൊതു ഖജനാവ് ധൂര്‍ത്തടിച്ച്‌ സുപ്രീം കോടതി വരെ പോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. നെറി കെട്ട ആ നീക്കത്തിനുള്ള കനത്ത തിരിച്ചടിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. എത്രയൊക്കെ മൂടി വയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തു വരിക തന്നെ ചെയ്യുമെന്നതിന് തെളിവാണ് ഈ വിധിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.