ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി; എതിര്‍പ്പുമായി ഐഎംഎ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി; എതിര്‍പ്പുമായി ഐഎംഎ

ന്യൂഡൽഹി(www.kasaragodtimes.com 22.11.2020): രാജ്യത്ത് ഇനിമുതൽ ആയുർവേദ ഡോക്ടർമാർക്ക് ജനറൽ ശസ്ത്രക്രിയയടക്കം നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ബിരുദാനന്തര ബിരുദമുള്ളവർക്ക് ഇ.എൻ.ടി, എല്ല്, കണ്ണ്, പല്ല് തുടങ്ങിയവുമായി ബന്ധപ്പെട്ട ചികിത്സകൾക്കായി പരിശീലനം നേടി ശസ്ത്രക്രിയ നടത്താം.25 വർഷത്തിലേറെയായി ആയുർവേദ സ്ഥാപനങ്ങളിലും ആശുപത്രികളിലും ഈ ശസ്ത്രക്രിയകൾ ചെറിയതോതിൽ നടക്കുന്നുണ്ടെങ്കിലും നിയമപരമാണെന്ന് വ്യക്തമാക്കുന്നതിന് വേണ്ടി മാത്രമുള്ളതാണ് ഇപ്പോഴത്തെ വിജ്ഞാപനമെന്ന് സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ പ്രസിഡന്റ് അറിയിച്ചു.

ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുർവേദ എഡ്യുക്കേഷൻ) റെഗുലേഷൻ 2016ൽ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ സർജറി പഠനവും ഉൾപ്പെടുത്തുന്നത്. ഈ മാസം 19-നാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.

'പിജി വിദ്യാർത്ഥികൾക്ക് ശല്യതന്ത്ര (ജനറൽ സർജറി) ശാലക്യതന്ത്ര (കണ്ണ്, ചെവി,മൂക്ക്, തൊണ്ട, തല, പല്ല് തുടങ്ങിയവയുമായി ബന്ധപ്പെട്ട രോഗം) പ്രവർത്തനങ്ങൾ പരിചയപ്പെടാനും സ്വതന്ത്രമായി പ്രവർത്തിക്കാനും പരിശീലനം നൽകും. ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം അവർക്ക് നടപടിക്രമങ്ങൾ സ്വതന്ത്രമായി നിർവഹിക്കാൻ സാധിക്കും' വിജ്ഞാപനത്തിൽ പറയുന്നു.ശസ്ത്രക്രിയകൾക്കുള്ള പരിശീലന മൊഡ്യൂളുകൾ ആയുർവേദ പഠന പാഠ്യപദ്ധതിയിൽ ചേർക്കുകയും ചെയ്യും.

അതേസമയം, ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്തുന്നതിന് നിയമപരമായ അംഗീകാരം നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. ചികിത്സാരീതികളെ കൂട്ടിക്കുഴയ്ക്കുന്ന രീതി അനുവദിക്കാനാവില്ലെന്നും ഇതിനെതിരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ഐഎംഎ വ്യക്തമാക്കി.