കൊടുങ്ങല്ലൂരില്‍ യുവാവിന്‍റെ വെട്ടേറ്റ യുവതി മരിച്ചു; ശരീരത്തില്‍ 30 ല്‍ അധികം മുറിവുകള്‍, പ്രതി ഒളിവില്‍

കടപൂട്ടി പത്തും അഞ്ചും വയസ്സുള്ള കുട്ടികളുമായി റിന്‍സി സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവേയാണ് റിയാസ് ഇവരെ വെട്ടിയത്.

കൊടുങ്ങല്ലൂരില്‍ യുവാവിന്‍റെ വെട്ടേറ്റ യുവതി മരിച്ചു; ശരീരത്തില്‍ 30 ല്‍ അധികം മുറിവുകള്‍, പ്രതി ഒളിവില്‍

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ (Kodungallur) ഇന്നലെ യുവാവിന്‍റെ വെട്ടേറ്റ വനിതാ തുണിക്കട ഉടമ മരിച്ചു. വിളങ്ങരപ്പറമ്പില്‍ നാസറിന്‍റെ ഭാര്യ റിന്‍സിയാണ് മരിച്ചത്. മുപ്പതില്‍ അധികം വെട്ടുകളാണ് റിന്‍സിയുടെ ശരീരത്തിലുള്ളത്. യുവതിയെ വെട്ടിയ പ്രതി റിയാസ് ഒളിവിലാണ്. ഇന്നലെ രാത്രിയാണ് റിന്‍സിക്ക് തുണിക്കടയിലെ മുന്‍ ജീവനക്കാരനായ റിയാസില്‍ നിന്നും വെട്ടേറ്റത്. കടപൂട്ടി പത്തും അഞ്ചും വയസ്സുള്ള കുട്ടികളുമായി റിന്‍സി സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവേയാണ് റിയാസ് ഇവരെ വെട്ടിയത്. മുപ്പതോളം മുറിവുകളുമായി അതീവ ഗുരതാരവസ്ഥയിലാണ് റിന്‍സിയെ ആശുപത്രിയില്‍ എത്തിച്ചത്. ഇന്ന് രാവിലെയോടെ യുവതി മരിച്ചു.

കുട്ടികളുടെ കരച്ചില്‍ കേട്ട് അതുവഴിയുണ്ടായിരുന്നവര്‍ ഓടിയെത്തുകയും പ്രതിയെ തടയാന്‍ ശ്രമിക്കുകയും ചെയ്തു. യുവതിയുമായി റിയാസിന് മുമ്പും പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് റിയാസിനെ കടയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. ഇതിന് പിന്നാലെ റിയാസ് റിന്‍സിയുടെ കടയിലെത്തിയും വീട്ടിലെത്തിയും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. റിയാസിനെ പലവട്ടം പൊലീസ് താക്കീത് ചെയ്തിരുന്നു. ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് കൊടുങ്ങല്ലൂര്‍ പൊലീസ് അറിയിച്ചു.